കൊല്‍ക്കത്ത: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖര്‍ ജ്യോതി ഗോസ്വാമിയെ പ്രത്യക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സിങ്കപ്പൂരില്‍ സുബീന്‍ കയറിയ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്നയാളാണ് ജ്യോതി ഗോസ്വാമി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിന് പൊലീസ് തയ്യാറായിട്ടില്ല. സെപ്റ്റംബര്‍ 19 ന് സിങ്കപ്പൂരില്‍ വെച്ചുണ്ടായ ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ലാറസ് ദ്വീപിൽ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചുവെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഗരിമ സൈകിയ ഗാർഗ് വ്യക്തമാക്കുകയും സ്‌കൂബ ഡൈവിങ് വിവാദങ്ങളെ തള്ളുകയും ചെയ്തിരുന്നു. ഗായകന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് ഉറപ്പാക്കാന്‍ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്‌കാരം. എന്നാല്‍ പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നത്. സുബീന്റെ മരണശേഷം ശര്‍മയുടെ വീട്ടുകാരെ ആരെയും കാണാനില്ലെന്ന് പ്രദേശവാസികളും പറയുന്നു. സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നിലധികം സൂചനകളുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഗായകന്റെ മരണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തില്‍ 10 അംഗ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അസം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളിൽ സുബിൻ പാടിയിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റർ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച ‘യാ അലി’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഗാങ്സ്റ്ററിലെ യാ അലിക്ക് പുറമേ ക്രിഷ് 3-ലെ ദിൽ തൂ ഹി ബതാ, ഒ ബോന്ദൂ രേ, ഹോരി നാം തുടങ്ങിയവയും ശ്രദ്ധേയമായ ഗാനങ്ങളാണ്. കാഞ്ചൻജുംഗ, മിഷൻ ചൈന, ദിനബന്ധു, മോൻ ജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
