രാജ്കോട്ട്: രാജ്കോട്ടില്‍ ഫേസ്ബുക്ക് സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി ഇട്ടതിനു പിന്നാലെയുണ്ടായ തര്‍ക്കത്തില്‍ ചോദ്യം ചെയ്ത 20 കാരനെ കുത്തിക്കൊന്നു. ബിഹാര്‍ സ്വദേശിയും രാജ്കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിന്‍സ് കുമാറാണ് കൊല്ലപ്പെട്ടത്. നാല് മാസം മുന്‍പാണ് പ്രിന്‍സിന്റെ മുത്തച്ഛന്‍ മരിച്ചത്. മുത്തച്ഛന്റെ ഓര്‍മ പങ്കുവെച്ച് പ്രിന്‍സ് അദ്ദേഹത്തിന്റെ ഫോട്ടോ ഫേസ്ബുക്ക് സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഈ സ്റ്റോറിക്ക് ബിഹാര്‍ സ്വദേശിയായ ബിപിന്‍ കുമാര്‍ ചിരിക്കുന്ന ഇമോജി ഇട്ടതാണ് പ്രശ്നത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്ത് ഇരുവരും ഫോണ്‍ കോള്‍ വഴി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് പ്രിന്‍സ് ആളെ തേടിപ്പോവുകയായിരുന്നു. പരസ്പരം കണ്ടതോടെ വാക്കേറ്റത്തിനിടെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ 12നായിരുന്നു സംഭവം. രാത്രി 12.30 ഓടെ ജോലിചെയ്യുന്ന ഫാക്ടറിക്ക് സമീപം ഓട്ടോയില്‍ ഇരിക്കുകയായിരുന്നു പ്രിന്‍സ്. തനിക്കെതിരെ നടന്നുവരുന്നതു കണ്ട ബിപിനെ വകവെക്കാതെ പ്രിന്‍സ് ഫാക്ടറിയിലേക്ക് നടന്നു. ഇതിനിടെ ബിപിന്റെ സുഹൃത്ത് ബ്രിജേഷ് ഗോണ്ട് പ്രിന്‍സിനെ തടഞ്ഞുനിര്‍ത്തി. പിന്നാലെ ബിപിന്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.
സംഭവത്തിനു പിന്നാലെ പ്രിന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും സെപ്തംബര്‍ 22 ന് യുവാവ് മരിച്ചു. ചികിത്സിലുള്ള പ്രിന്‍സിന്റെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതിയായ ബിപിനെ രാത്രി അറസ്റ്റ് ചെയ്ത് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. രണ്ടാം പ്രതിയായ ബ്രിജേഷ് ഒളിവിലാണ്.
