ജമ്മു: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്റെ ഭീതി മേഖലയില്‍ തുടരുന്നു. സാധാരണ നില കൈവരാത്ത സാഹചര്യത്തില്‍ മൂന്നാംദിവസമായ ഇന്നും കര്‍ഫ്യൂ തുടരുന്നു. അതിനിടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് ആഭ്യന്തരവകുപ്പ് നിരവധി യോഗങ്ങള്‍ ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് ലേ അപെക്‌സ് ബോഡി ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് വ്യാപകമായ അക്രമങ്ങളും തീവയ്പ്പും ഉണ്ടായത്. അക്രമങ്ങളില്‍ 4 പേര്‍കൊല്ലപ്പെട്ടിരുന്നു. 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമങ്ങളെ തുടര്‍ന്ന് നഗരത്തില്‍ ബുധനാഴ്ച വൈകീട്ട് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു. 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ധ സൈനീക വിഭാഗങ്ങള്‍ റോന്തുചുറ്റുന്നുണ്ട്. ലഡാക്ക് സംഭവം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ ഉന്നതതല യോഗം ചേരാനിടയുണ്ട്.
