മംഗളൂരു: തേങ്ങ ശേഖരിക്കാന്‍ പോയി കാണാതായ യുവാവിനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
കുന്താപുര അച്ചാടി അംബേദ്കര്‍ ഉന്നതിയിലെ താമസക്കാരനായ ശരത്(32)ആണ് മരിച്ചത്. ബുധനാഴ്ചയാണ് യുാവിവനെ കാണാതായത്. രാവിലെ വീടിന് സമീപത്തെ കരാറുകാരനൊപ്പം തെങ്ങിന്‍ തോട്ടത്തില്‍ ജോലിക്ക് പോയിരുന്നു. തോട്ടത്തില്‍ പറിച്ചിട്ട തേങ്ങകള്‍ ടെമ്പോ വാനില്‍ കയറ്റി അയച്ച ശേഷം തേങ്ങ ശേഖരിക്കാന്‍ യുവാവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ബുധനാഴ്ച കണ്ടെത്താനായില്ല. വിവരത്തെ തുടന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ, അഗ്‌നിശമന സേന സംഘം, പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ തെരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കൈലേരിക്കടുത്തുള്ള തോടിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി. തേങ്ങ എടുത്തുവരുന്നതിനിടെ ശരത് കാല്‍ വഴുതി അശ്രദ്ധമായി തോട്ടില്‍ വീണു മുങ്ങിമരിച്ചതായി സംശയിക്കുന്നു. അടുത്തിടെയാണ് പിതാവ് മരിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍, എ.എസ്.ഐ രവി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
