കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്ത നാല് പോക്സോ കേസുകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍, മഞ്ചേശ്വരം, ബേഡകം പൊലീസ് സ്റ്റേഷനുകളിലാണ് നാലു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കാഞ്ഞങ്ങാട് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച 42കാരനെ അറസ്റ്റ് ചെയ്തു. ഉപ്പളയില്‍ പെണ്‍കുട്ടികള്‍ക്കു നേരെ മുണ്ട് പൊക്കിയ 68 കാരന്‍ പോക്സോ പ്രകാരം പിടിയിലായി. ബേഡകത്ത് 14കാരിയെ പീഡിപ്പിച്ച 17കാരനെതിരെ കേസെടുത്തു.
ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതികളില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇരു കേസുകളിലും പ്രതിയായ കണ്ണന്‍ (42) എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. നിലവില്‍ 12 വയസുള്ള ആണ്‍കുട്ടിയെ 2021 ലും സുഹൃത്തായ മറ്റൊരു കുട്ടിയെ 2024 ക്രിസ്തുമസ് ദിവസവും പീഡിപ്പിച്ചുവെന്നാണ് കേസ്.
ഉപ്പളയില്‍ 15 വയസുള്ള പെണ്‍കുട്ടികള്‍ക്കു നേരെ മുണ്ടു പൊക്കിയെന്ന പരാതിയില്‍ അബൂബക്കര്‍ (68) എന്ന ആള്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. ഇയാള്‍ പൊലീസിന്റെ പിടിയിലാണ്.
14 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 17കാരനെതിരെ ബേഡകം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
