പുത്തൂര്‍: കശുമാങ്ങയില്‍നിന്ന് തയ്യാറാക്കിയ പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം ഉടന്‍ വിപണിയിലെത്തുന്നു. പുത്തൂരിലെ കശുവണ്ടി ഗവേഷണ ഡയരക്ടറേറ്റാണ് തേനിന് സമാനമായ രുചിയുള്ള പ്രകൃതിദത്ത മധുരപലഹാരമായ ‘ജോണി’ (ദ്രാവക) ശര്‍ക്കര വികസിപ്പിച്ചെടുത്തത്. പൂര്‍ണ്ണമായും കശുമാങ്ങാ ജ്യൂസില്‍ നിന്നാണ് ശര്‍ക്കര നിര്‍മ്മിക്കുന്നത്. ഇത് പ്രമേഹരോഗികള്‍ക്ക് പോലും കഴിക്കാമെന്ന പ്രത്യേകതയുണ്ട്. ഈ ഉല്‍പ്പന്നത്തിന് പേറ്റന്റ് നേടിയിട്ടുണ്ട്. കശുമാങ്ങയില്‍ നിന്ന് ജ്യൂസ് വേര്‍തിരിച്ചെടുക്കുക, അതിന്റെ പോഷകങ്ങള്‍ കേന്ദ്രീകരിക്കുക, ശര്‍ക്കരയാക്കി മാറ്റുക എന്നിവയാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമായ ഈ ശര്‍ക്കര പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നു അവകാശപ്പെടുന്നു. ശര്‍ക്കര നിര്‍മാണത്തിന് സ്വയം സഹായ സംഘങ്ങള്‍ക്കും സംരംഭകര്‍ക്കും പേറ്റന്റ് ലൈസന്‍സ് നല്‍കും. അതിനായി കാഷ്യൂനട്ട് ഡയറക്ടറേറ്റ് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കുമെന്ന്
ശാസ്ത്രജ്ഞയായ ഡോ. ജ്യോതി നിഷാദ് അറിയിച്ചു. കശുവണ്ടിപ്പരിപ്പ് പോലെ തന്നെ കശുമാങ്ങയിലും ഉയര്‍ന്ന പോഷകഗുണമുണ്ട്. കശുവണ്ടിപ്പരിപ്പില്‍ നിന്ന് വിപണി ലക്ഷ്യമാക്കിയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ഡയറക്ടറേറ്റ് ഇതിനകം നിര്‍മിച്ചിരുന്നു. അതില്‍ ഏറ്റവും പുതിയത് ദ്രാവക ശര്‍ക്കരയാണ്. കശുവണ്ടിപ്പരിപ്പ് സംസ്‌കരണത്തിന്റെ മൂല്യവര്‍ദ്ധനവ് സാധ്യതയിലെ മറ്റൊരു ചുവടുവയ്പ്പാണ് ഈ നീക്കം എന്ന് ഡയറക്ടര്‍ ദിനകര്‍ അഡിഗ പറഞ്ഞു.
