ലഡാക്ക്: ലഡാക്കിനു സംസ്ഥാന പദവി അനുവദിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്നു. വന്‍ പ്രതിഷേധത്തിനിടയില്‍ അക്രമാസക്തരായ യുവാക്കളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജ്ജും നടത്തി. അക്രമാസക്തരായ യുവാക്കള്‍ പൊലീസിനു നേരെ നടത്തിയ കല്ലേറിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
ആറാം ഷെഡ്യൂള്‍ നീട്ടണമെന്നും ലഡാക്കിനു സംസ്ഥാന പദവി നല്‍കണമെന്നുമാവശ്യപ്പെട്ടു നേരത്തെ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനമുണ്ടാവുകയോ ചര്‍ച്ച തുടരുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം നടന്നിരുന്നത്. ഇതിനിടയിലാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ലേ അപക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലൈന്‍സ് എന്നീ സംഘടനകളില്‍പ്പെട്ട യുവാക്കള്‍ പ്രകോപിതരായി പൊലീസിനുനേരെ കല്ലെറിഞ്ഞത്. ഒക്ടോബര്‍ ആറിനു ലഡാക്ക് പ്രതിനിധികളും കേന്ദ്രസര്‍ക്കാരും ലഡാക്കിന്റെ സംസ്ഥാന പദവിയെക്കുറിച്ചു ചര്‍ച്ച നടത്തുന്നുണ്ട്.
35 ദിവസമായി ലഡാക്ക് സംസ്ഥാനം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു 15 പേര്‍ നിരാഹാര സത്യാഗ്രഹം നടത്തുന്നുണ്ട്. സത്യാഗ്രഹികളില്‍ രണ്ടുപേരുടെ ആരോഗ്യ നിലമോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനെതിരെ ലേഅപക്‌സ് ബോഡി എന്ന സംഘടനയുടെ യുവജനവിഭാഗം ഇന്നു പ്രതിഷേധവും ബന്ദും ആഹ്വാനം ചെയ്തിരുന്നു.
ലേയിലെ ബി ജെ പി ഓഫീസിനടുത്തു പ്രതിഷേധക്കാര്‍ ഒരു പൊലീസ് വാഹനം കത്തിച്ചു. ഈ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
