ബാംഗ്ലൂര്‍: പ്രശസ്ത കന്നഡ സാഹിത്യകാരന്‍ ഡോ. എസ് എല്‍ ഭൈരപ്പ (94) അന്തരിച്ചു.
വംശവൃക്ഷ, ഗൃഹബംഗ, പര്‍വ, ലാട്ടു, നായ്‌നെരളു, സാക്ഷി, അഞ്ചു തുടങ്ങി 25ലേറെ നോവലുകള്‍ രചിച്ചിട്ടുണ്ട്. രണ്ടുതവണ കര്‍ണ്ണാടക സാഹിത്യഅക്കാദമി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. സരസ്വതി സമ്മാനവും ലഭിച്ചിരുന്നു. 1931 ആഗസ്റ്റ് 20ന് ഹാസന്‍ ജില്ലയിലെ ചെന്നരായ പട്ടണതാലൂക്കിലായിരുന്നു ജനനം. കുട്ടിക്കാലത്തു മാതാവ് മരിച്ചതിനെ തുടര്‍ന്നു കൂലിപ്പണിയെടുത്താണ് അദ്ദേഹം പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് മുംബൈയില്‍ പല ജോലികള്‍ ചെയ്തു. അതിനുശേഷം മൈസൂരില്‍ തിരിച്ചെത്തി വീണ്ടും വിദ്യാഭ്യാസമാരംഭിച്ചു. ഹുബ്ലി കടസിദ്ധേശ്വര്‍ കോളേജില്‍ ഫിലോസഫി പ്രൊഫസറായിരുന്നു. ഗുജറാത്ത് സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റി, മൈസൂര്‍ റിജിയണല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
വംശവൃക്ഷ, തബ്ബലിയു നിനാദെ മഗനേ, മതദാന, നായിനെരളു എന്നീ നോവലുകള്‍ ദേശീയപ്രശസ്ത സിനിമകളായിട്ടുണ്ട്.
