സിംല: രാംലീല കലാ വിസ്മയം വേദിയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ ശ്രീരാമന്റെ പിതാവായ ദശരഥന്റെ വേഷമണിഞ്ഞു സംഭാഷണം ഗാനമായി ആലപിച്ച് അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രശസ്ത നടന്‍ അമരീഷ് കുമാര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് അന്തരിച്ചു. പ്രധാന നടന്‍ കുഴഞ്ഞു വീണതോടെ എന്തോ സംഭവിച്ചുവെന്ന ഉത്കണ്ഠ സദസ്സില്‍ പടര്‍ന്നു. സംഘാടകര്‍ ഉടന്‍ തന്നെ തിരശ്ശീലക്കു മുന്നില്‍ വന്നു കലാവതരണം മാറ്റിവച്ചതായി അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ ചമ്പയിലാണ് സംഭവം. വേദിയില്‍ കുഴഞ്ഞു വീണ അമരീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രാമലീല കലാരൂപത്തിലെ പ്രധാന നടനായിരുന്നു അദ്ദേഹം. കഴിഞ്ഞ 50 വര്‍ഷമായി രാമലീല വേദിയില്‍ ദശരഥന്റെയും രാവണന്റെയും വേഷങ്ങള്‍ അദ്ദേഹം അഭിനയിച്ചു വരുകയായിരുന്നു. അദ്ദേഹത്തിന്റെ വേഷങ്ങള്‍ കാണികള്‍ നെഞ്ചേല്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിനയപാടവം കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു.അമരീഷിന്റെ അഭിനയത്തിനിടയിലെ അന്ത്യം അസഹനീയവും അതീവ ദുഃഖകരവുമാണെന്നു രാംലീല ക്ലബ്ബ് അംഗങ്ങള്‍ അനുസ്മരിച്ചു. ക്ലബ്ബിനും രാമലീല കലാസ്വാദര്‍ക്കും ഇതു നികത്താനാവാത്ത നഷ്ടമാണെന്നും സംഘാംഗം സുദേവ് മഹാജന്‍ പറഞ്ഞു. അമരീഷ് ഒരു കലാകാരന്‍ മാത്രമായിരുന്നില്ല. രാംലീലയുടെ ആത്മാവായിരുന്നു. അമരീഷ് കുമാറിന്റെ വേര്‍പാട് ജില്ലയെ ആകെ ഞെട്ടിച്ചിരിക്കുകയാണെന്നും രാംലീല ക്ലബ്ബിന്റെ പരിപാടികള്‍ കുറച്ചു ദിവസത്തേക്കു മാറ്റിവച്ചതായും ഭാരവാഹികള്‍ വെളിപ്പെടുത്തി.
