ബംഗളൂരു: പട്ടാപ്പകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബംഗളൂരുവിലെ സുങ്കടകട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് 35കാരനായ ക്യാബ് ഡ്രൈവര്‍ ലോഹിതാശ്വ ഭാര്യ രേഖയെ(28) കൊലപ്പെടുത്തിയത്. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കണ്‍മുന്നില്‍ വച്ചാണ് അരുംകൊല നടന്നത്. ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു രേഖ. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. രേഖയും ലോഹിതാശ്വയും സുഹൃത്തുക്കളായിരുന്നു. ഒന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതു മുതല്‍ വഴക്ക് ആരംഭിച്ചിരുന്നു. സംഭവ ദിവസവും ഇവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തര്‍ക്കത്തിന് ശേഷം രേഖ 13 വയസുള്ള മകളോടൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴാണ് പിന്തുടര്‍ന്നെത്തിയ ലോഹിതാശ്വ കൊലപ്പെടുത്തിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. കമാക്ഷിപാളയ പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
