മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 92-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില്‍ ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്ക്രീനില്‍ മധു നിറഞ്ഞുനിന്നു. രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും മലയാളത്തിലെ നിരാശാകാമുകന്മാർക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. പ്രണയനൈരാശ്യത്തിന്റെ ഏറ്റവും തീവ്രമായഭാവങ്ങൾ മലയാളികൾ കണ്ടത് പരീക്കുട്ടിയുടെ മുഖത്താണ്. 1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് ജനനം. കന്നിയിലെ വിശാഖമാണ് ജന്മനക്ഷത്രം. ആർ. മാധവൻനായരാണ് സിനിമയിലെത്തിയപ്പോൾ മധുവായത്. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടി. നാഗർകോവിൽ ഹിന്ദു കോളേജിലെ അധ്യാപകനായിരിക്കെ നാടകാഭിനയം തലയ്ക്ക് പിടിച്ച് ജോലി ഉപേക്ഷിച്ചാണ് ഈ മഹാനടന്‍റെ കലാജീവിതത്തിന്‍റെ തുടക്കം. ഉദ്യോഗം മതിയാക്കി ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കാൻപോയി. 1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നു. നസീറും സത്യനും കത്തി നിന്ന കാലത്താണ് വേറിട്ട അഭിനയശൈലിയുമായി മധുവിന്‍റെ വരവ്. ജോണ്‍ എബ്രഹാമും അടൂരും പി എൻ മേനോനും അടക്കമുള്ള നവസിനിമാക്കാരുടെയും പരീക്ഷണ നായകനായി മധു. ചെമ്മീൻ, ഭാർഗ്ഗിവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം ഇങ്ങനെ മലയാള സിനിമയില്‍ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളില്‍ മധു പ്രൗഢ സാന്നിധ്യമായി. ഒരുപക്ഷേ മലയാള സിനിമയുടെ തന്നെ ചരിത്രവുമാണ് ആ യാത്ര. അമിതാബ് ബച്ചന്‍റെ അരങ്ങേറ്റ ചിത്രം സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ബോളിവുഡിലുമെത്തി മധു. നടനുപുറമേ നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി അദ്ദേഹം തിളങ്ങി.ഈ നീണ്ട അഭിനയകാലത്ത് തേടിയെത്തിയ ബഹുമതികൾ അനേകം. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്ന് മധുവിന്‍റെ സിനിമാ ജീവിതത്തെകുറിച്ച് ഒരു വെബ് സൈറ്റ് തയ്യാറാക്കിയിരുന്നു. അര്‍ഥപൂര്‍ണ്ണമായ ആ കലാജീവിതത്തെക്കുറിച്ച് അറിയാനുള്ള കാര്യങ്ങളെല്ലാം ഉള്‍പ്പെട്ട വെബ് സൈറ്റ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.
