ന്യൂഡല്‍ഹി: സിനിമയില്‍ പോലും കാണാത്ത അതിസാഹസികതയുടെയും രക്ഷപ്പെടലിന്റെ റിപ്പോര്‍ട്ടുകളാണ് ഡല്‍ഹിയില്‍ നിന്ന് പുറത്തുവന്നത്. അതും വെറും 13 വയസ് മാത്രം പ്രായമുള്ള അഫ്ഗാന്‍ ബാലന്റെ അതിജീവനത്തിന്റെ കഥ. കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പറ്റിയ അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. അഫ്ഗാന്‍ എയര്‍ലൈന്‍സായ കാം എയറിലായിരുന്നു കുട്ടിയുടെ രണ്ട് മണിക്കൂറോളം നീണ്ട സാഹസിക യാത്ര. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആര്‍ക്യൂ 4401 എന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റിലാണ് കുട്ടി ഒളിച്ചിരുന്നത്. വിമാനം രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. കുട്ടി സുരക്ഷിതനാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ അതേ വിമാനത്തില്‍ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം സമീപത്ത് ചുറ്റിക്കറങ്ങുകയായിരുന്നു അഫ്ഗാന്‍ ബാലന്‍. ഇതു എയര്‍ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ ബാലനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ടെര്‍മിനല്‍ മൂന്നില്‍ എത്തിച്ച് ചോദ്യം ചെയ്യലിലാണ് വിമാനത്തിന്റെ പിന്‍ഭാഗത്തെ സെന്‍ട്രല്‍ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ അതി സാഹസികമായി ഒളിച്ചിരുന്നാണ് ഡല്‍ഹിയില്‍ എത്തിയതാണെന്ന് കുട്ടി സമ്മതിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്ക് 12:30-ന് പുറപ്പെട്ട അതേ വിമാനത്തില്‍ തന്നെ കുട്ടിയെ തിരിച്ചയച്ചു. അഫ്ഗാനിസ്ഥാനില്‍ കുണ്ടുസ് സ്വദേശിയാണ് കുട്ടി. ജിജ്ഞാസ കൊണ്ടാണ് വിമാനത്തില്‍ കയറിയതെന്ന് കുട്ടി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടി നിയമപരമായ കുറ്റങ്ങളില്‍ നിന്ന് മുക്തനാണ്. എന്നാലും 30,000 അടി ഉയരത്തില്‍ പറന്ന വിമാനത്തില്‍ കുട്ടി എങ്ങനെ അതിജീവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.
