ലഖ്‌നൗ: ഉത്തർപ്രദേശ് കാൺപൂരിൽ യുവതിയെ കൊന്ന് പെട്ടിയിലാക്കി നദിയിൽ ഉപേക്ഷിച്ച കേസിൽ ആൺസുഹൃത്തടക്കം രണ്ടുപേർ പിടിയിലായി. 20 കാരിയായ അകാന്‍ക്ഷ എന്ന യുവതി ആണ് കൊല്ലപ്പെട്ടത്. ആൺ സുഹൃത്ത് സൂരജ് കുമാര്‍ ഉത്തം (22), ഒപ്പമുണ്ടായിരുന്ന ആശിഷ് കുമാർ എന്നിവരെയാണ് കേസിൽ പൊലീസ് അറസ്റ്റു ചെയ്തത്. യുവതിയെ കൊന്ന് പെട്ടിയിലാക്കിയ ശേഷം കിലോമീറ്ററുകൾ സഞ്ചരിച്ച് യമുന നദിയിലാണ് ഇവർ മൃതദേഹം ഉപേക്ഷിച്ചത്. നദിയിൽ തള്ളുന്നതിന് മുമ്പായി പ്രതി പെട്ടിക്കൊപ്പം നിന്ന് സൂരജ് കുമാര്‍ സെൽഫി എടുത്ത് സ്റ്റാറ്റസ് ആക്കിയതായും പൊലീസ് പറഞ്ഞു. റസ്റ്റോറന്‍റ് ജീവനക്കാരിയായ ആകാൻഷയുമായി ഇലക്ട്രീഷനായ പ്രതി ഒന്നരവർഷം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടി ഇയാളുടെ നാടായ ഫത്തേപുരിലെ ഒരു ഹോട്ടലിലേക്ക് ജോലി മാറി. സൂരജ് തന്നെ പെൺകുട്ടിക്ക് വാടക വീടും ഏർപ്പാടാക്കി. ഇവർ തമ്മിലുള്ള ബന്ധം കുടുംബത്തിനും അറിയാമായിരുന്നു. എന്നാൽ, ജൂലൈ 21ന് സൂരജിന് മറ്റൊരു ബന്ധമുണ്ടെന്ന് അകാൻക്ഷ അറിഞ്ഞു. ഇതിന്റെ പേരിൽ പിന്നീട് ഇരുവരും വാക്കേറ്റമുണ്ടാവുകയും സൂരജ് യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് സുഹൃത്തായ ആശിഷിന്‍റെ സഹായത്തോട് കൂടി തെളിവു നശിപ്പിക്കുകയും മൃതദേഹം സ്യൂട്ട്കേസിലാക്കി യമുന നദിയിൽ തള്ളുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പ്രതികളുടെ സഹായത്തോടെ നദിയിൽ മൃതദേഹം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
