കാണ്‍പൂര്‍: സ്ത്രീധനപ്രശ്‌നത്തെച്ചൊല്ലി യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. രേഷ്മ എന്ന യുവതിക്കാണ് പാമ്പിന്റെ കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേണല്‍ഗഞ്ച് എന്ന സ്ഥലത്താണ് സംഭവം. വിവാഹത്തിനു മുമ്പ് ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള സ്ത്രീധനം നല്‍കിയില്ലെന്നു ആരോപിച്ച് ഭര്‍തൃവീട്ടില്‍ രേഷ്മയ്ക്ക് കടുത്ത മാനസിക പീഡനമാണ് അനുഭവിക്കേണ്ടി വന്നിരുന്നത്. ശാരീരിക പീഡനത്തിനും ഇരയായി. സെപ്തംബര്‍ 18ന് ഭര്‍തൃവീട്ടില്‍ വച്ച് രേഷ്മയെ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് മുറിക്കകത്തേക്ക് വിഷപ്പാമ്പിനെ ഇടുകയായിരുന്നു. രേഷ്മയുടെ കാലിനാണ് കടിയേറ്റത്. നിലവിളിച്ചുവെങ്കിലും വീട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ല.
ഇതേ തുടര്‍ന്ന് രേഷ്മ വിവരം സഹോദരി റിസ്വാനയെ ഫോണില്‍ വിളിച്ച് അറിയിച്ചു. സഹോദരി എത്തിയാണ് രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
2021 മാര്‍ച്ച് 21ന് ആണ് രേഷ്മയും കേണല്‍ഗഞ്ച് സ്വദേശിയായ ഷാനവാസും തമ്മിലുള്ള വിവാഹം നടന്നത്. തൊട്ടുപിന്നാലെ തന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് രേഷ്മയെ പരിഹസിക്കാനും ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങിയെന്നു സഹോദരി റിസ്വാന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഉപദ്രവം സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒന്നരലക്ഷം രൂപ നല്‍കി. അഞ്ചു ലക്ഷം രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് ഷാനവാസ്, മാതാപിതാക്കള്‍, സഹോദരങ്ങള്‍, മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിനു കേസെടുത്തു.
