ഭോപ്പാൽ: മാതാവിനൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു ദാരുണസംഭവം. ഗീത എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടത്. മാതാവും മറ്റു തൊഴിലാളികളും പണി ചെയ്തുകൊണ്ടിരിക്കെ പുലിയെത്തുകയായിരുന്നു. കൃഷിയിടത്തിൽ ഒറ്റയ്ക്ക് മാറിയിരിക്കുകയായിരുന്നു കുട്ടി. പുലി ഗീതയെ കഴുത്തിൽ കടിച്ചെടുത്തു കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഇതോടെ, ഗീതയുടെ മാതാവും മറ്റുള്ളവരും ശബ്ദമുണ്ടാക്കി പിന്നാലെ ഓടി. ആൾക്കൂട്ടം കണ്ടതോടെ പുലി പെൺകുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി. സാരമായി മുറിവേറ്റ നിലയിൽ കണ്ടെത്തിയ ഗീതയെ ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിന്റെ ഇരുവശവും പുലി കടിച്ചിരുന്നു. വനം വകുപ്പ് സ്ഥലത്ത് കൂടുകളും കാമറകളും സ്ഥാപിച്ചു. മുഴുവൻ സമയവും പട്രോളിങ്ങും നടത്തുന്നുണ്ട്. മേഖലയിൽ കഴിഞ്ഞ ദിവസം പുലി ഒരു ആടിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസം 16ന് ഇന്ദ്രപൂർ ഗ്രാമത്തിൽ നിന്നും സുഭാഷ് എന്ന എട്ടു വയസുകാരനെ പുലി കടിച്ചു കൊന്നിരുന്നു.
