മംഗളൂരു: ബണ്ട്വാൾ ബിസി റോഡ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ച കേസിൽ മലയാളിയെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിൽ നിന്നുള്ള നസീർ പുന്നയ്യാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. കുന്ദാപുര സ്വദേശി രംഗനാഥ് ബെല്ലാലയുടെ പണമാണ് കവർന്നത്. കാർ വിറ്റ് കിട്ടിയ 1.60 ലക്ഷം രൂപയുമായി മറ്റൊരു ഉപയോഗിച്ച വാഹനം വാങ്ങുന്നതിനായി എത്തിയതായിരുന്നു രംഗനാഥ്. കൊട്ടിഗെഹരയിലേക്ക് പോകാൻ ബിസി റോഡ് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുമ്പോൾ, ബെല്ലാലയുടെ പാന്റ്സിന്റെ പോക്കറ്റിൽ 1.60 ലക്ഷം രൂപ ഉണ്ടായിരുന്നു. ബസിൽ കയറിയപ്പോഴാണ് പോക്കറ്റിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടൻ തന്നെ അദ്ദേഹം ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇൻസ്പെക്ടർ അനന്ത പത്മനാഭയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ മംഗളൂരുവിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു.നസീറിനെ പിന്നീട് കോടതിയിൽ ഹാജരാക്കി.
