മംഗളൂരു: വ്യാഴാഴ്ച കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കുന്താപുര ഹെമ്മാടിയിലെ സന്തോഷ് നഗറിൽ താമസിക്കുന്ന ലവേഷ് പൂജാരിയുടെ മകൻ നമേഷ് പൂജാരി(17) ആണ് മരിച്ചത്. ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിയായിരുന്നു. വിദ്യാർത്ഥിയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ ഗംഗോള്ളിയിലെ ഡാകുഹിതു പുഴയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച കോളേജിലേക്ക് പോയ നമേഷ് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. അടുത്തിടെ വാങ്ങിയ ഐഫോൺ വീട്ടിൽ തന്നെയുണ്ടായിരുന്നു. 17 കാരന്റെ ബൈക്കും ബാഗും കന്നഡകുദ്രു പുഴയുടെ തീരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതോടെയാണ് സംശയം ജനിച്ചത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനാൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തിരച്ചിൽ നടപടികൾ ഉടൻ ആരംഭിച്ചെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അഗ്നിശമന സേന അംഗങ്ങളും, നാട്ടുകാരും നീന്തൽ വിദഗ്ധരും വെള്ളിയാഴ്ചയും തിരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു വീട്ടുകാർ ആരോപിച്ചു. കുന്താപുരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
