തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍, വടക്കാഞ്ചേരി വടക്കന്‍ വീട്ടില്‍ മിഥുന്‍ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മിഥുന്‍ വ്യാഴാഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. അതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു വീട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. തഹസില്‍ദാര്‍ എത്തിയ ശേഷം മൃതദേഹം താഴെ ഇറക്കിയാല്‍ മതിയെന്നു ആവശ്യപ്പെട്ട് സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
