ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞ് വീണ് ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 8.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ പ്രിയങ്കയോടൊപ്പം ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവേയാണ് താരം കുഴഞ്ഞുവീണത്. ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തമിഴ് സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. കമൽ ഹാസൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് റോബോ ശങ്കർ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. 2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമായ അവതരണം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും തമിഴകം കടന്നും റോബോ ശങ്കറിന് ആരാധകരുണ്ടായിരുന്നു.
