കാസര്‍കോട്: നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ കുമ്പള, കുണ്ടങ്കേരടുക്ക ലക്ഷ്മിനിവാസിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(52)ന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. വീടിന്റെ ചുമരില്‍ രഹസ്യമായി ഉണ്ടാക്കിയ അറയില്‍ സൂക്ഷിച്ചിരുന്ന മദ്യവും 32,970 രൂപയും പിടികൂടി. 180മില്ലിയുടെ നാലുകുപ്പി ഗോവന്‍ നിര്‍മ്മിത വിദേശമദ്യവും 180 മില്ലിയുടെ 52 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യവും ആണ് പിടികൂടിയത്.
മദ്യശേഖരം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പ്രഭാകരന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. പൊലീസിനെ കണ്ടതോടെ പ്രഭാകരന്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നു ഓടി രക്ഷപ്പെട്ടു. വീട്ടിനകത്തു പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും മദ്യം കണ്ടെത്താനായില്ല. രാത്രി ഒരു മണിയോടെ ചുമരിനോട് ചേര്‍ത്തു വച്ചിരുന്ന അലമാര നീക്കി നടത്തിയ പരിശോധനയിലാണ് ചുമരില്‍ ഉണ്ടാക്കിയ രഹസ്യ അറ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
