പൊലീസ് പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനമായി: ലേലം ചെയ്യാൻ തുരുമ്പ് പിടിച്ച ഇരുമ്പു കഷണങ്ങളും പ്ലാസ്റ്റിക് ഷീറ്റ്റുകളും ബാക്കി

കാസർകോട്: വിവിധ നിയമലംഘനങ്ങളിൽ പൊലീസ് പിടികൂടിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ നിന്ന് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനം. മഞ്ചേശ്വരം,കുമ്പള, ബദിയടുക്ക, കാസർകോട്, മേൽപറമ്പ്, ബേഡകം, നീലേശ്വരം, രാജപുരം, ഹോസ്ദുർഗ്, ചിറ്റാരിക്കൽ, ചന്തേര എന്നീ പൊലീസ് സ്റ്റേഷനുകളിലും, കാഞ്ഞങ്ങാട് നിർമ്മിതി കേന്ദ്രത്തിലും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. വിവിധ കേസുകളിൽ പെട്ടു പിടിയിലായ പിക്കപ്പ്, ഓട്ടോറിക്ഷ ലോറി,കാർ, ബൈക്കുകൾ വിവിധ ഗുഡ്‌സ് വാഹനങ്ങൾ എന്നിവയാണ് ലേലം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രണ്ടു പ്രാവശ്യം ഇത്തരത്തിൽ ലേല നടപടികൾ നടന്നിരുന്നു.പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ പലതും ദ്രവിച്ച്, നശിച്ച് മണ്ണിനോട് ചേർന്നിരിക്കുന്നവയാണ്. ഇത്തരം വാഹനങ്ങൾ ഗുജ്‌രി കച്ചവടക്കാർ പോലും എടുക്കാത്ത തരത്തിലാണുള്ളത്. വാഹനങ്ങൾ സൂക്ഷിച്ചുവെക്കാനാവാതെ സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുകയാണ് ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളും.ഇപ്രാവശ്യം ലേലം ചെയ്യുന്നവയിൽ 161 വാഹനങ്ങൾ തകർന്ന് രൂപം പോലും നഷ്ടപ്പെട്ടവയാണ്. സ്ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇവ ലേലം ചെയ്യുന്നത്. 33 വാഹനങ്ങൾ റണ്ണിങ് കണ്ടീഷൻ അല്ലാത്തവയാണ്. നിലവിൽ കേസിന്റെ നൂലാമാലകൾ പരിഹരിച്ചവയാണ് ഇപ്പോൾ ലേലം ചെയ്യുന്നത്. എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴി ഇ- ലേലമാണ് നടക്കുന്നത്. കുമ്പള പൊലീസ് സ്റ്റേഷനിൽ മണലോടെ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് പുൽക്കൂട്ടവും, കുറ്റിക്കാടുകളും പടർന്ന് മണ്ണിനോട് ചേർന്ന് നശിച്ചു കൊണ്ടിരിക്കുന്നത്. കുറെയെണ്ണം കോടതിയിൽ കേസുള്ളവയാണ്. തീർപ്പായതും ഇതിൽ ഉൾപ്പെടും.വാഹനം ദ്രവിച്ച് നശിച്ചതിനാൽ തീർപ്പായ വാഹനം ഏറ്റെടുക്കാൻ പോലും ആവശ്യക്കാർ എത്തുന്നില്ല.ഇത് നന്നാക്കിയെടുത്തു ഉപയോഗിക്കണമെങ്കിൽ വൻ തുക തന്നെ മുടക്കേണ്ടിവരും. ഒരു പൊലീസ് സ്റ്റേഷനിൽ നിന്ന് പത്തോ,ഇരുപതോ വാഹനങ്ങൾ ഇത്തരത്തിൽ ലേലം ചെയ്താൽ പോലും അടുത്തിടെ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങൾ ലേല നടപടികളാകുവാൻ ഇനിയും കുറെ കാത്തിരിക്കേണ്ടിവരും. അപ്പോഴേക്കും ആ വാഹനങ്ങളും മഴയും, വെയിലും കൊണ്ട് നശിക്കും.നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനായാൽ കടംകയറി മുങ്ങിക്കൊണ്ടിരിക്കുന്ന സർക്കാറിനു കോടികൾ ലഭിക്കുമായിരുന്നു. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ ലേലത്തിൽ നൽകിയാൽ ഇരുന്പു വില പോലും വില പോലും സർക്കാറിന് ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page