ഇന്ന് മലയാള നടി കാവ്യാമാധവന്റെ 41-ാം പിറന്നാള്‍ ദിനമാണ്. ജന്മദിനത്തില്‍ അച്ഛനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് നടി പങ്കുവച്ചു. ‘ഓരോ പിറന്നാളും, ഓരോ ഓര്‍മ്മദിനവും
അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാള്‍.
മനസ്സില്‍ മായാത്ത ഓര്‍മ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തില്‍ എനിക്ക് സാന്ത്വനമാകുന്നത്’- നടി കുറിച്ചു. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും കാവ്യ പങ്കുവച്ചു.
പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കാവ്യാ മാധവന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് കാവ്യ മാധവന്റെ പിതാവ് കാസര്‍കോട് നീലേശ്വരം പള്ളിക്കര വീട്ടില്‍ പി മാധവന്‍ അന്തരിച്ചത്. കുറെ വര്‍ഷമായി ചെന്നൈയിലായിരുന്നു താമസം. നീലേശ്വരത്ത് സുപ്രിയ ടെക്‌സ്റ്റൈല്‍സ് സ്ഥാപനം നടത്തിയിരുന്ന മാധവന്‍ കാവ്യ സിനിമയില്‍ സജീവമായതോടെ ബിസിനസ് അവസാനിപ്പിച്ച് എറണാകുളം വെണ്ണലയിലേക്ക് താമസം മാറ്റി. മകള്‍ മഹാലക്ഷ്മിയുടെ പഠനത്തിനായി കാവ്യ ചെന്നൈയിലേക്ക് താമസം മാറ്റിയപ്പോള്‍ മാധവനും ഒപ്പം പോവുകയായിരുന്നു.
തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവന്‍ എന്ന മനുഷ്യന്റെ ഒരായുസിന്റെ പ്രയത്‌നമുണ്ട്.
