ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയ്ക്ക് പിന്നാലെ മേഘവിസ്ഫോടനം. 10 പേരെ കാണാതായി. 2 പേരെ രക്ഷപ്പെടുത്തി. 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. കാണാതായ 10 പേരില്‍ ആറ് പേര്‍ കുന്ത്രി ലഗ ഫലി ഗ്രാമത്തിലുള്ളവരും രണ്ട് പേര്‍ സര്‍പാനിയിലും രണ്ട് പേര്‍ ധര്‍മ്മയിലുമുള്ളവരാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തടസമാകുന്നുണ്ട്, ചമോലിയില്‍ കൂടുതല്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. നിരവധി പേര്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം മഴ നാശംവിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ സഹസ്രധാര, മാല്‍ദേവ്ത, ഡെറാഡൂണ്‍ അടക്കമുള്ള മേഖലകളിലാണ് നാശനഷ്ടത്തിന്റെ തോത് കൂടുതല്‍.
മേഘവിസ്ഫോടനത്തിലും കനത്ത മഴയിലും 15 പേര്‍ മരിച്ചു. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 900 ലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. വെള്ളത്തിനടിയിലായ ധരംപൂര്‍ പട്ടണത്തില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ ഒറ്റപ്പെട്ട മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുന്നതാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
