ലുധിയാന: വിവാഹം കഴിക്കാനായി യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 71 കാരിയായ ഇന്ത്യന്‍ വംശജയെ യുകെയില്‍ നിന്നുള്ള 75 കാരന്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. പ്രതി പഞ്ചാബിലെ മല്‍ഹ പാട്ടി സ്വദേശി സുഖ്ജീത് സിങ് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടണില്‍ ജീവിക്കുന്ന പഞ്ചാബ് സ്വദേശി രണ്‍ജിത് സിങ് ഗ്രേവാളിനെ വിവാഹം കഴിക്കാനായാണ് യുഎസില്‍ സ്ഥിരതാമസമാക്കിയ രൂപീന്ദര്‍ കൗര്‍ പാന്തെര്‍ സിയാറ്റിലില്‍ നിന്നും ഇന്ത്യയിലെത്തിയത്. എന്നാല്‍ പിന്നീട് രൂപീന്ദര്‍ കൗറിനെ കാണാതാവുകയായിരുന്നു. ജൂലായിലായിരുന്നു കൊലപാതകം. ബുധനാഴ്ചയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പൊലീസ് പങ്കുവെച്ചത്. ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ 71 കാരിയെ കൊല്ലാന്‍ഗ്രെവാള്‍ മറ്റൊരാളെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. പാന്തെറെ കൊലപ്പെടുത്തുന്നതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഗ്രെവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സോനു ഇത് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പാന്തെറെ തന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്റ്റോര്‍ റൂമിലിട്ട് കത്തിക്കുകയും ചെയ്തതായി സോനു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജൂലൈ 24-ന് രുപീന്ദറിനെ മൊബൈല്‍ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സഹോദരി കമല്‍ കൗര്‍ ഖൈറയ്ക്ക് തോന്നിയ സംശയമാണ് അന്വേഷണത്തിന് വഴിതെളിച്ചത്. 28 ാം തിയ്യതി അവര്‍ വിവരം ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകം നടന്നതായി വ്യക്തമായത്. സന്ദര്‍ശനത്തിന് മുമ്പ് പാന്തെര്‍ ഒരു വലിയ തുക ഗ്രെവാളിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഒളിവില്‍ പോയ ഗ്രേവാളിനെ കേസില്‍ പ്രതിയായി ചേര്‍ത്തിട്ടുണ്ടെന്ന് ലുധിയാന ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സതീന്ദര്‍ സിങ് പറഞ്ഞു. മൃതദേഹം കത്തിച്ച പ്രദേശത്തുനിന്നും അസ്ഥികൂട അവശിഷ്ടങ്ങളും മറ്റ് തെളിവുകളും കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.
