ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ടിന് സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മോദിയുടെ കുട്ടിക്കാലത്തെ പറ്റിയുള്ള ചലോ ജീത് ഹേ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ ബാല്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സേവനം, ഉത്തരവാദിത്തം, കഥാപാത്രങ്ങളുടെ സ്വഭാവം എന്നിവയെ കുറിച്ച് മനസിലാക്കാന്‍ സിനിമ ഉപകരിക്കുമെന്ന് സ്‌കൂളുകള്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ബുധനാഴ്ച മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിലും വലിയ ഗാന്ധി അധിക്ഷേപം ഉണ്ടോയെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ചോദിച്ചു. ചരിത്രം രാജ്യത്തോടൊപ്പം നില്‍ക്കുമെന്നും ഒരു വ്യക്തിയോടൊപ്പം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
