മുംബൈ: ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അതിലേക്ക് അശ്ലീല ദൃശ്യങ്ങളും വീഡിയോയും അയച്ച ആളെ പിന്തുടര്‍ന്ന് കണ്ടെത്തി പരസ്യമായി മുഖത്തടിച്ച് യുവതി. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ഒരു യുവതിയാണ് തന്റെ മൊബൈലിലേക്ക് സന്ദേശമയച്ചതിന്റെ പേരില്‍ സ്വകാര്യ ബസ് ഡ്രൈവറെ പരസ്യമായി മര്‍ദ്ദിച്ചത്. ടിക്കറ്റ് ബുക്കിംഗ് റെക്കോര്‍ഡില്‍ നിന്ന് എടുത്ത കോണ്‍ടാക്റ്റ് വിവരങ്ങള്‍ ശേഖരിച്ചാണ് സന്ദേശം അയച്ച ആളെ തിരഞ്ഞ് കണ്ടെത്തിയത്. കങ്കാവ്‌ലിയില്‍ നിന്നുള്ള ഒരു സ്വകാര്യ ട്രാവല്‍ കമ്പനിയുടെ ഓഫീസ് വഴിയാണ് യുവതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബസ് ടിക്കറ്റ് ബുക്ക് ചെയ്തത്. കങ്കാവ്ലിയില്‍ നിന്ന് മുംബൈയിലേക്കു പോകുന്നതിനായി യുവതി പലപ്പോഴും ഇതേ കമ്പനിയുടെ ബസിലാണ് കയറിയിരുന്നത്. അങ്ങനെയാണ് ബസ് ഡ്രൈവര്‍ക്ക് യുവതിയെ പരിചയം. ടിക്കറ്റ് ബുക്കിംഗ് രേഖകളില്‍ നിന്ന് യുവതിയുടെ നമ്പര്‍ തപ്പിപ്പിടിച്ച ഡ്രൈവര്‍ പിന്നീട് സന്ദേശം അയച്ചു തുടങ്ങി. പിന്നീട് അശ്ലീല മെസേജും പിന്നാലെ വിഡിയോകളും അയക്കാന്‍ തുടങ്ങി. ആവര്‍ത്തിച്ചതോടെ ഡ്രൈവറെ കണ്ടെത്തി താക്കീത് നല്‍കാന്‍ യുവതി തീരുമാനിച്ചു. ചൊവ്വാഴ്ച വൈകുന്നേരം, മറ്റൊരു സ്ത്രീയോടൊപ്പം കങ്കാവ്ലി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കമ്പനിയുടെ ബുക്കിംഗ് ഓഫീസില്‍ യുവതിയെത്തി. ഡ്രൈവറെ കണ്ടെത്തിയ ശേഷം തന്റെ മൊബൈലില്‍ അയച്ച മെസേജുകള്‍ കാണിച്ചുകൊടുത്തു. പിന്നാലെ യുവതി ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. മാപ്പ് പറയാന്‍ ഡ്രൈവര്‍ തയ്യാറായെങ്കിലും അതിനനുവദിക്കാതെ യുവതി പരസ്യമായി പലതവണ തല്ലി. ആളുകള്‍ തടിച്ചുകൂടിയിട്ടും മര്‍ദ്ദനം തുടര്‍ന്നു. വിഡിയോയില്‍ രണ്ടു യുവതികള്‍ ഡ്രൈവറോട് കയര്‍ത്ത് സംസാരിക്കുന്നതും കാഴ്ചക്കാരുടെ മുന്നില്‍ വെച്ച് ആവര്‍ത്തിച്ച് അടിക്കുന്നതും കാണാം. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതി പരാതി നല്‍കാന്‍ തയ്യാറായില്ല.
