കാസര്‍കോട്: ഇച്ചിലങ്കോട്, അണക്കെട്ടിനു സമീപത്ത് കാട്ടിനകത്ത് കോഴി അങ്കം നടത്തുകയായിരുന്ന ഏഴുപേര്‍ അറസ്റ്റില്‍. സ്ഥലത്തു നിന്നു 9 അങ്കക്കോഴികളെയും 2,750 രൂപയും പിടികൂടി. കാസര്‍കോട്, കൂഡ്‌ലുവിലെ സന്തോഷ് (32), ബായാര്‍, കന്യാനയിലെ ദിലീപ് (35), ഉപ്പള, മജ്ബയലിലെ സീതാരാമഷെട്ടി (45), ബേക്കൂറിലെ സന്തോഷ് ഷെട്ടി (45), പൈവളിഗെയിലെ ഐത്തപ്പ (30), ബായാറിലെ കിഷോര്‍ (30), ഇച്ചിലങ്കോട്ടെ സുന്ദര ഷെട്ടി (60) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷും സംഘവും അറസ്റ്റു ചെയ്തത്.
കോഴി അങ്കം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ഇന്‍സ്‌പെക്ടറും എസ് ഐ ശ്രീജേഷും പൊലീസുകാരായ പ്രതീഷ്, ഇസ്മയില്‍ എന്നിവരും വേഷംമാറി സ്വകാര്യ വാഹനത്തില്‍ എത്തിയാണ് കോഴി അങ്കം നടത്തുകയായിരുന്ന സംഘത്തെ പിടികൂടിയത്. കോഴികളെയും പണവും കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
