ചെന്നൈ: മയിലാടുതുറൈയ്ക്ക് സമീപം ദളിത് യുവാവിനെ വെട്ടിക്കൊന്നു. വൈരമുത്തു എന്ന 28 കാരനെയാണ് ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
ചെന്നൈയില്‍ ജോലി ചെയ്യുന്ന എംബിഎ ബിരുദധാരിയായ മാലിനി(26)യെ വൈരമുത്തു വിവാഹം ചെയ്തിരുന്നു. ഇരുവരും ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. പെണ്‍കുട്ടിയുടെ മാതാവിന്റെ എതിര്‍പ്പ് വകവയക്കാതെയാണ് വിവാഹിതരായത്. ദളിത് ഇതര ജാതിയില്‍പെട്ട ആളായതിനാലാണ് വിവാഹത്തെ എതിര്‍ത്തത്. ആഡിയമംഗലം സ്വദേശിയും ഡിഎംഇയില്‍ ഡിപ്ലോമയുമുള്ള വൈരമുത്തു പ്രദേശത്തെ ഇരുചക്ര വാഹന മെക്കാനിക്കാണ്. യുവാവിനെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 14 ന് പൊലീസ് ഇരു കുടുംബങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ചിരുന്നു. എന്നാല്‍ വൈരമുത്തുവിനെ തന്നെ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ മാലിനി ഉറച്ചുനിന്നു. പിന്നീട് വീട്ടുകാരെ ഉപേക്ഷിച്ച് യുവാവിനോടൊപ്പം താമസം മാറിത്താമസിച്ചു. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് ജോലിക്ക് പോകാന്‍ തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ബൈക്കില്‍പോവുകയായിരുന്ന വൈരമുത്തുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ഒരു സംഘം. കൊലപാതകം മയിലാടുതുറൈയില്‍ പ്രതിഷേധത്തിന് കാരണമായി. സിപിഎം, തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്, വിടുതലൈ ചിരുതൈഗല്‍ കച്ചി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ മയിലാടുതുറൈ-കുംഭകോണം ഹൈവേ ഉപരോധിച്ചു. വൈരമുത്തുവിന്റെ മാതാവ് രാജലക്ഷ്മിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മാലിനിയുടെ സഹോദരന്മാരായ ഗുഗന്‍, ഗുണാല്‍ എന്നിവരുള്‍പ്പെടെ 10 പേരെ കസ്റ്റഡിയിലെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം കൊലപാതകത്തെ അപലപിച്ചു. നിരവധി ഭീഷണികളും പരാതികളും ഉണ്ടായിരുന്നിട്ടും പൊലീസ് വൈരമുത്തുവിന് സംരക്ഷണം നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
