കാസര്‍കോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പയ്യന്നൂര്‍, കോറോത്തെ അലുമിനീയം ഫാബ്രിക്കേഷന്‍ തൊഴിലാളി ഗിരീഷി(47)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ നാടിനെ ഞെട്ടിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്ത് ആയി. ബേക്കല്‍ എ ഇ ഒ പടന്നയിലെ വി കെ സൈനുദ്ദീന്‍ (52), പടന്നക്കാട്ടെ റംസാന്‍ (64), ആര്‍ പി എഫ് ജീവനക്കാരന്‍ പിലിക്കോട്, എരവിലെ ചിത്രരാജ് (48), തൃക്കരിപ്പൂര്‍ വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്‌സല്‍ (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന്‍(60), തൃക്കരിപ്പൂര്‍, വടക്കേ കൊവ്വലിലെ റയീസ് (30), വെള്ളച്ചാലിലെ സുകേഷ് (30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി റിമാന്റു ചെയ്തു.
പീഡനക്കേസില്‍ പ്രതിയായ വിവരമറിഞ്ഞ് ഒളിവില്‍ പോയ മുസ്ലീംലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍, വടക്കുമ്പാട്ടെ സിറാജുദ്ദീ(46)നെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം അറസ്റ്റിലായ അഫ്‌സലിനെതിരെ മറ്റൊരു കേസ് കൂടി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തു. മറ്റൊരാള്‍ക്ക് വഴങ്ങി കൊടുക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചുവെന്നതിനാണ് അഫ്‌സലിനെതിരെ രണ്ടാമത്തെ കേസെടുത്തത്. ഇതോടെ ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായ സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പത്തായി.
