കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി രണ്ടു ദിവസം കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ താമസിച്ച യുവാവ് അറസ്റ്റില്‍. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂര്‍, കൊടവലം ഹൗസിലെ കെ. ദേവനന്ദ (20)നെയാണ് വളപ്പട്ടണം എസ് ഐ സി എം വിപിന്‍ അറസ്റ്റു ചെയ്തത്. ലോഡ്ജില്‍ താമസിച്ചതിനു ശേഷം ദേവനന്ദന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതില്‍ മനം നൊന്ത് പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് ദേവനന്ദനും വളപ്പട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. ഒരാഴ്ച മുമ്പ് ദേവനന്ദന്‍ പെണ്‍കുട്ടിയെ ഫോണ്‍ ചെയ്യുകയും പുറത്തേയ്ക്ക് കറങ്ങാന്‍ പോകാമെന്നു പറഞ്ഞ് കാഞ്ഞങ്ങാട്ടേക്കു വിളിച്ചുകൊണ്ടുപോവുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്നാണ് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നത്. അടുത്ത പെണ്‍സുഹൃത്തുള്ള കാര്യം അറിയാവുന്ന വീട്ടുകാര്‍ക്ക് മറ്റു സംശയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പറയുന്നു,
കാഞ്ഞങ്ങാട്ടെത്തിയ ശേഷം ദേവനന്ദന്‍ പെണ്‍കുട്ടിയെയും കൂട്ടി പല സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയും കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്ത് രണ്ടു ദിവസം താമസിക്കുകയും ചെയ്തു. അതിനു ശേഷം പെണ്‍കുട്ടി തിരികെ വീട്ടിലേയ്ക്ക് പോയി. പിന്നീട് പെണ്‍കുട്ടി ദേവനന്ദനെ ഫോണില്‍ വിളിച്ച് കല്യാണം കഴിക്കണമെന്നു ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ വിവാഹം കഴിക്കാനൊന്നും കഴിയില്ലെന്നു മറുപടി കിട്ടിയതോടെ ഉണ്ടായ മനോവിഷമത്തില്‍ പെണ്‍കുട്ടി എലിവിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നു പൊലീസ് മൊഴിയെടുത്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞതും പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തതും.
