ജയ്പുര്‍: വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് 600 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചെത്തിയ യുവതിയെ കാമുകന്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഝുന്‍ഝുനു സ്വദേശിയും അംഗന്‍വാടി സൂപ്പര്‍ വൈസറുമായ മുകേഷ് കുമാരി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകനും ബാര്‍മര്‍ സ്വദേശിയുമായ സ്‌കൂള്‍ അധ്യാപകന്‍ മനാറാം പൊലീസ് പിടിയിലായി. ഈ മാസം 10 നാണ് സംഭവം. അംഗന്‍വാടി സൂപ്പര്‍വൈസറായ മുകേഷ് കുമാരി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് മനാറാമുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. യുവതി പലപ്പോഴും ജുന്‍ജുനുവില്‍ നിന്ന് ബാര്‍മറിലേക്ക് ഏകദേശം 600 കിലോമീറ്റര്‍ അകലെ കാറില്‍ പോയി മനാറാമിനെ കാണുമായിരുന്നു. വിവാഹം ചെയ്യണമെന്ന മുകേഷിന്റെ ആവശ്യം ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിനും വഴിവെച്ചിരുന്നു. ഈമാസം 10 ന് വീണ്ടും യുവതി കാമുന്റെ അടുത്ത് വന്നിരുന്നു. മനാറാമിന്റെ വീട്ടിലെത്തി, കുടുംബാംഗങ്ങളോട് തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞു. അതറിഞ്ഞ മനാറാമിനെ കുപിതനാക്കി. അയാള്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാര്‍ ഇരുവരോടും സംസാരിക്കുകയും പ്രശ്നപരിഹാരത്തിന് നിര്‍ദേശിക്കുകയും ചെയ്തു. ഒരു ശല്യമായി മാറിയതോടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ മനാറാം കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നതിനിടെ മനാറാം ഇരുമ്പ് വടികൊണ്ട് യുവതിയെ തലക്കടിച്ചുകൊന്നു. മരിച്ചെന്ന് മനസിലായതോടെ മൃതദേഹം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ കയറ്റിവെക്കുകയും റോഡില്‍നിന്ന് തള്ളിവിട്ട് അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനവും മൃതദേഹവും വഴിയില്‍ ഉപേക്ഷിച്ച് മനാറാം വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം രാവിലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലയെന്ന് വ്യക്തമായി. യുവതി മരിച്ച സമയത്ത് അവരുടെയും മനാറാമിന്റെയും ഫോണ്‍ ലൊക്കേഷന്‍ ഒരേയിടത്തായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
