ബംഗ്ളൂരു: കേരളത്തിലടക്കം മയക്കുമരുന്നുകള്‍ എത്തിക്കുന്ന അന്തര്‍ സംസ്ഥാന മയക്കുമരുന്നു ശൃംഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും രണ്ടു ലക്ഷം രൂപ മാസപ്പടി വാങ്ങിക്കുകയും ചെയ്യുന്നത് പതിവാക്കിയ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള 11 പൊലീസുകാരെ സസ്പെന്റ് ചെയ്തു. ബംഗ്ളൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ടി മഞ്ചണ്ണ, കോണ്‍സ്റ്റബിള്‍മാരായ രമേശ്, ശിവരാജ്, മധുസൂദനന്‍, പ്രസന്ന, ശങ്കര ബലഹരി, ആനന്ദ് എന്നിവരെയും ജെ.ജെ.നഗര്‍ പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെയുമാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
ബംഗ്ളൂരു ആര്‍.ആര്‍ നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സല്‍മാന്‍, നയാസുല്ലാഖാന്‍, നയാസ്, താഹിര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മയക്കുമരുന്നു സംഘവുമായി ബന്ധം ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. മയക്കു ഗുളികകള്‍ അനധികൃതമായി കടത്തിക്കൊണ്ടു വരുന്നതു വഴി പ്രതിമാസം 10 ലക്ഷത്തോളം രൂപയാണ് സംഘത്തിന്റെ ലാഭം. ഇതില്‍ നിന്നാണ് ഇന്‍സ്പെക്ടറും സംഘവും രണ്ടു ലക്ഷം രൂപ വീതം വാങ്ങിയിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മയക്കുമരുന്നു സംഘത്തെ പിടികൂടിയപ്പോള്‍ മാസപ്പടി വാങ്ങിച്ചിരുന്ന പൊലീസുകാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ നല്‍കിയ മൊഴികള്‍ വിശ്വസിക്കുവാന്‍ അന്വേഷണ സംഘം തയ്യാറായില്ല. മൊഴി ആവര്‍ത്തിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നു ശൃംഖലയുമായി പൊലീസുകാര്‍ക്കുള്ള ബന്ധം സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
