ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് കമാന്‍ഡര്‍ മസൂദ് ഇല്ല്യാസ് കശ്മീരി. അടുത്തിടെ നടന്ന പൊതുപരിപാടിക്കിടെയാണ് ഇല്ല്യാസ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഒരുദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വൈറലായ ഒരു വീഡിയോയില്‍, ജെയ്ഷ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സംസാരിക്കുന്നുണ്ട്. മെയ് 7 ന് പാകിസ്ഥാനിലെ ബഹവല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനമായ മര്‍കസ് സുബ്ഹാനല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ബഹാവല്‍പുരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വിഡിയോവില്‍ ഇല്ല്യാസ് പറയുന്നു.
ബഹാവല്‍പൂരിലെ ജമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് എന്ന ജെയ്ഷ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അസറിന്റെ കുടുംബം ‘ചിതറിപ്പോയി’ എന്ന് കശ്മീരി പറഞ്ഞു. അസറിന്റെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, മരുമകന്‍, മരുമകള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരും ഉള്‍പ്പെടുന്നു. പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അസറിന്റെ നാല് സഹായികളും കൊല്ലപ്പെട്ടു.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഈ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 25 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. ബഹാവല്‍പൂരിന് പുറമെ, പാകിസ്ഥാനുള്ളിലെ എട്ട് ഭീകരകേന്ദ്രങ്ങള്‍ കൂടി ഇന്ത്യ തകര്‍ത്തിരുന്നു.
