കാസർകോട്: ദേശീയപാത നിർമ്മാണത്തിന് എത്തിയ തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ടുപേർക്കു കുത്തേറ്റു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശികളായ യതിവീന്ദർ സിംഗ്, ഗുർബാസിംഗ് എന്നിവർക്കാണ് കുത്തേറ്റത് .ഇവരിൽ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലും മറ്റൊരാളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊഴിലാളികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നു പറയുന്നു. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെന്നു പൊലീസ് സംശയിക്കുന്ന രണ്ടുപേർ സ്ഥലത്തുനിന്ന് മുങ്ങി. പഞ്ചാബ് സ്വദേശികളായ രജ്ഞിത്ത് സിംഗ്, മകൻ ഹാർസിം രജ്ഞിത്ത് സിംഗ് എന്നിവരാണ് സ്ഥലംവിട്ടത്. ഇവരെ കണ്ടെത്തുന്നതിന് ബേക്കൽ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
