ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രീംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു. ഹരജിയില്‍ ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചത്. ഇതോടെ നിയമത്തിന് പൂര്‍ണമായ സ്റ്റേ ലഭിക്കില്ല. മെയ് 22ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിയ കേസില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വഖ്ഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ നിയമത്തിലെ മൂന്നു വ്യവസ്ഥകള്‍ മരവിപ്പിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന വഖ്ഫ് ബോര്‍ഡുകളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളൊഴികെ അമുസ്ലിംകളെ നിയമിക്കരുത്, ഉപയോഗത്തിലൂടെ വഖ്ഫ് ആയ വസ്തുക്കള്‍ വഖ്ഫ് അല്ലെന്ന് പ്രഖ്യാപിക്കരുത്, സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുന്ന ഘട്ടത്തില്‍ വഖ്ഫ് സ്വത്ത് വഖ്ഫായി കണക്കാക്കില്ലെന്ന വ്യവസ്ഥ നടപ്പാക്കരുത് എന്നിവയായിരുന്നു ആ ഉത്തരവുകള്‍. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും. നിയമം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനില്‍ക്കും. വഖഫ് സ്വത്ത് സര്‍ക്കാര്‍ സ്വത്ത് കയ്യേറിയിട്ടുണ്ടോ എന്ന തര്‍ക്കം സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന് നിര്‍ണ്ണയിക്കാന്‍ അധികാരം നല്‍കുന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്തു.
