കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള നടിയായിരുന്നു മോഹിനി. പൂച്ചക്കണ്ണുകളുള്ള മോഹിനിയെ ആരാധിക്കുന്നവരും ഒരുപാടുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അവര്‍ 2011-ലാണ് അവസാനം അഭിനയിച്ചത്. നാടോടി, ഗസല്‍, പരിണയം, ഈ പുഴയും കടന്ന്, കുടുംബക്കോടതി, സൈന്യം, പട്ടാഭിഷേകം തുടങ്ങി 25 ഓളം മലയാളം സിനിമയില്‍ അഭിനയിച്ചിരുന്നു. തന്റെ 23-ാം വയസിലാണ് മോഹിനി വിവാഹിതയാകുന്നത്. കരിയറില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു അവര്‍ ഈ തീരുമാനമെടുത്തത്. 1999 ല്‍ ഭരതിനെ വിവാഹം കഴിച്ചു, പിന്നീട് അമേരിക്കയില്‍ സ്ഥിരതാമസമാക്കി. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. വിവാഹശേഷം, ഞാന്‍ എന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അടുത്തിടെ അവര്‍ തമിഴ് മാധ്യമം വികടന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹജീവിതത്തെ കുറിച്ചും വിഷാദ രോഗം മൂലം നേരിട്ട പ്രതിസന്ധികളെ കുറിച്ചും മനസ് തുറന്നു. ‘അടുത്തിടെ വിഷാദ രോഗം ബാധിച്ചിരുന്നു, ഒരു ഘട്ടത്തില്‍ താന്‍ വിഷാദത്തിലേക്ക് വീണുപോകുകയാണെന്ന് തിരിച്ചറിഞ്ഞു. അപ്പോള്‍ ഏഴുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’- മോഹിനി പറയുന്നു. ആ ഘട്ടത്തില്‍ ഒരു ജ്യോതിഷിയെ കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ ഒരു സംഭവവും മോഹിനി പങ്കുവെച്ചു.
ആരോ എന്റെ മേല്‍ മന്ത്രവാദം നടത്തിയെന്ന് ജ്യോതിഷി എന്നോട് പറഞ്ഞു. ആദ്യം ഞാന്‍ അത് ചിരിച്ചു തള്ളി. പക്ഷേ പിന്നീട് താന്‍ എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ചിന്തിച്ചു. പിന്നീട് അതില്‍ സത്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. ‘എന്റെ യേശു എനിക്ക് ശക്തി തന്നു’ വിശ്വാസത്തോടെ തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍ അതി ജീവിതത്തിലെ വഴിത്തിരിവായി. എനിക്ക് യഥാര്‍ത്ഥത്തില്‍ ശക്തി നല്‍കിയത് എന്റെ ജീസസായിരുന്നു” -മോഹിനി പറയുന്നു.
