മംഗളൂരു: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടക ബൈന്ദൂരിൽ മലയാളിയെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി ബിനു ഫിലിപ്പ് (45) ആണ് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായ കൊല്ലം സ്വദേശി ഉദയ് കുമാർ (42) ആണ് ഫിലിപ്പിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബൈന്ദൂർ താലൂക്കിലെ ദേവരഗഡ്ഡെയിൽ ആണ് ദാരുണമായ കൊല നടന്നത്. രണ്ടുപേരും ഒരു എസ്റ്റേറ്റിലെ തോട്ടത്തിൽ റബ്ബർ ടാപ്പർമാരായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഒരുവാടക വീട്ടിലാണ് താമസിക്കുന്നത്. പണമടയ്ക്കുന്നതിനെച്ചൊല്ലിയണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. റബ്ബർ ടാപ്പിങിനായി ഉപയോഗിക്കുന്ന കത്തി കൊണ്ട് ഫിലിപ്പിന്റെ വയറ്റിൽ പലതവണ കുത്തി എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ തൊഴിലാളി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണം നടന്നയുടനെ ഉദയ് കുമാർ ഓടി രക്ഷപ്പെട്ടു. പിന്നീട് ബൈന്ദൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബൈന്ദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
