റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബറേലി, ഷാജഹാന്‍പൂരിലെ ബഹ്ദുല്‍നദി തീരത്ത് മണ്ണിനടിയില്‍ നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ട ആട്ടിടയന്‍ കുഞ്ഞിന്റെ രക്ഷകനായി.
നദിക്കരയില്‍ വളര്‍ത്തുമൃഗങ്ങളെ മേയ്ക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. കരച്ചില്‍ കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ചപ്പോള്‍ മണ്‍കൂനയില്‍ നിന്നു കൈ പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. മണ്ണു നീക്കി കുഞ്ഞിനെ പുറത്തെടുത്തു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു കണ്ടതെന്നു ആട്ടിടയന്‍ പറഞ്ഞു. ഉറുമ്പുകള്‍ പൊതിഞ്ഞ് രക്തം വാര്‍ന്ന നിലയിലായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.
സംഭവമറിഞ്ഞ് എത്തിയ പൊലീസ് കുഞ്ഞിനെ കസ്റ്റഡിയിലെടുത്തു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 ദിവസം പ്രായമുള്ളതാണ് കുഞ്ഞ്. അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
