കാസർകോട്: ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ സൂത്രധാരൻ അറസ്റ്റിൽ . തൃശൂർ, അഷ്ടമിച്ചിറ ,വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ ( 30)യെ ആണ് ഹൊസ്ദുർഗ്ഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ.എം.വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റു ചെയ്തത്. പുതുക്കൈ, കാർത്തിക, ഗുരുവനം കുരിക്കൾ വീട്ടിലെ കെ.വി. നിതിൻ ജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ് . പരാതിക്കാരനും രണ്ടു സുഹൃത്തുക്കൾക്കും ജോലിയുള്ള ജർമ്മൻ വിസ വാഗ്ദാനം നൽകി രണ്ടര ലക്ഷം രൂപ അക്കൗണ്ട് വഴി കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് കേസ്. രണ്ടാം പ്രതിയായ പി.എസ് നന്ദുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.
തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഗൗതം കൃഷ്ണയെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വിസ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
