കന്യാകുമാരി: ജനിച്ച സമയം ശരിയല്ലെന്നു ഭര്‍തൃമാതാവ്. കുത്തുവാക്കില്‍ മനം നൊന്ത് 42 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 21 കാരിയായ മാതാവ് കൊലപ്പെടുത്തി. കന്യാകുമാരിയിലെ കരുങ്കലിലാണ് ദാരുണമായ കൊല നടന്നത്. അമ്മായി അമ്മയോടും ഭര്‍ത്താവിനോടുമുള്ള ദേഷ്യം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് 21 കാരിയായ ബെനിറ്റ പൊലീസിന് നല്‍കിയ മൊഴി. വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. മുലപ്പാല്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍ കുഞ്ഞിനെ തന്റെ ഭാര്യ ഉപദ്രവിച്ചിട്ടുണ്ടെന്നും ദുരൂഹതയുണ്ടെന്നുമുള്ള ഭര്‍ത്താവ് കാര്‍ത്തികിന്റെ മൊഴിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ 42 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായിലൂടെ ശ്വാസനാളിയില്‍ ടിഷ്യൂ പേപ്പര്‍ കുത്തി നിറച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ബെനീറ്റ മൊഴി നല്‍കി. പ്രണയ വിവാഹത്തിന് ശേഷം പെണ്‍കുഞ്ഞ് ജനിച്ചതില്‍ അമ്മായിഅമ്മ കുറ്റപ്പെടുത്തിയിരുന്നുവെന്നാണ് യുവതി പ്രതികരിക്കുന്നത്.
