പി പി ചെറിയാൻ
കാലിഫോർണിയ: ലോങ് ജമ്പ് ഇതിഹാസവും ലോക റെക്കോർഡ് ജേതാവുമായ മൈക്ക് പവലിനെ അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. മത്സരാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണിത്. എന്നാൽ, സസ്പെൻഷനിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
സസ്‌പെൻഷനെതുടർന്നു ശനിയാഴ്ച ടോക്കിയോയിൽ ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പവലിന് പങ്കെടുക്കാനോ ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും ഭാഗമാകാനോ സാധിക്കില്ല. അമേരിക്കൻ താരമായ പവലിന് ഈ വിലക്കിനെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്.
1991-ൽ 8.95 മീറ്റർ ദൂരം ചാടിയാണ് പവൽ ലോങ് ജമ്പിൽ ലോക റെക്കോർഡ് സ്ഥാപിച്ചത്. 2022 മുതൽ ലോസ് ആഞ്ജലീസിനടുത്തുള്ള ഒരു സ്വകാര്യ സ്കൂളിൽ പരിശീലകനായി പ്രവർത്തിച്ചുവരികയായിരുന്നു .