ഭോപ്പാല്‍: പരിഹസിക്കാന്‍ നായയ്ക്ക് അയല്‍വാസിയുടെ പേരിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ ശിവസിറ്റിയിലാണ് സംഭവം. അയല്‍ക്കാരായ വീരേന്ദ്ര, കിരണ്‍ ശര്‍മ എന്നിവരുമായുള്ള തര്‍ക്കത്തിനൊടുവില്‍ ഭൂപേന്ദ്ര സിംഗ് എന്നയാള്‍ വളര്‍ത്തുനായയ്ക്ക് ‘ശര്‍മാജി’ എന്ന് പേരിടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9:30 ഓടെ, ദമ്പതികള്‍ നടക്കാന്‍ പോയപ്പോള്‍, നാട്ടുകാരുടെ മുന്നില്‍ വച്ച് ശര്‍മ്മാജിയെന്ന് പട്ടിയെ വിളിച്ചു. ഇത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയാക്കി. സംഘര്‍ഷത്തിനിടെ ഭൂപേന്ദ്രയും മറ്റുരണ്ടുപേരും ചേര്‍ന്ന് വീരേന്ദ്രയെയും കിരണ്‍ ശര്‍മയെയും മര്‍ദ്ദിക്കുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അയല്‍വാസി ദമ്പതികള്‍ പൊലീസില്‍ പരാതിപ്പെട്ടു. നായയെ മനഃപൂര്‍വ്വം ‘ശര്‍മ്മ ജി’ എന്ന് വിളിക്കുകയും നാട്ടുകാരുടെ മുന്നില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് ഭൂപേന്ദ്ര സിംഗിനും ഇയാളുടെ രണ്ട് കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഇരുകൂട്ടരെയും വിളിപ്പിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
