മംഗളൂരു: ജന്മദിനത്തില്‍ കാമുകന്റെ കുത്തേറ്റ യുവതി മരിച്ചു. യുവാവിനെ യുവതിയുടെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി ബ്രഹ്‌മാവര്‍ കൊക്കര്‍ണെയില്‍ ആണ് ദാരുണ സംഭവം നടന്നത്. കൊക്കര്‍ണ്ണയിലെ ചെഗ്രിബെട്ടു സ്വദേശി രക്ഷിത (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അയല്‍വാസിയായ കാര്‍ത്തിക് പൂജാരിയെ വെളളിയാഴ്ച വൈകീട്ട് കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് രക്ഷിതയെ കാര്‍ത്തിക് ആക്രമിച്ചത്. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ യുവതി പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. പലതവണ വിവാഹഭ്യര്‍ഥനയുമായി കാര്‍ത്തിക് രക്ഷിതയെ സമീപിച്ചിരുന്നു. ശല്യമായതോടെ ഫോണ്‍ ബ്ലോക്ക് ചെയ്തു. പ്രകോപിതനായ കാര്‍ത്തിക് വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോവുകയായിരുന്ന രക്ഷിതയെ തടഞ്ഞു നിര്‍ത്തി വീണ്ടും അഭ്യര്‍ഥന നടത്തി. തന്നെ ഇനി ശല്യപ്പെടുത്തരുതെന്ന് രക്ഷിത അപേക്ഷിച്ചതോടെ കയ്യില്‍ കരുതി വച്ചിരുന്ന കത്തികൊണ്ട് കഴുത്തിലും നെഞ്ചിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. യുവതി നിലത്തുവീണതോടെ കാര്‍ത്തിക് സ്ഥലം വിട്ടു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ഉഡുപ്പിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. വൈകീട്ട് സംഭവത്തിലെ പ്രതിയായ കാര്‍ത്തിക്കിനെ സമീപത്തുള്ള ഒരു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ സ്ഥിരീകരിച്ചു. രക്ഷിതയുടെ 24-ാം പിറന്നാള്‍ ദിനത്തിലാണ് കൊലയും നടന്നത്. രക്ഷിത കൊലക്കേസിലും യുവാവ് ആത്മഹത്യചെയ്ത സംഭവത്തിലും ബ്രഹ്‌മാവര്‍ പൊലീസ് കേസ് എടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
