മംഗളൂരു: വിവാഹഭ്യര്‍ഥന നിരസിച്ച വിരോധം കാരണം 24 കാരിയെ കാമുകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉഡുപ്പി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍പ്രവേശിപ്പിച്ചു. രക്ഷിത എന്ന യുവതിയാണ് കാമുകന്റെ ക്രൂര ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ബ്രഹ്‌മാവര്‍ താലൂക്കിലെ കൊക്കര്‍ണെയിലാണ് ദാരുണസംഭവം നടന്നത്. ബ്രഹ്‌മവാരയിലെ സര്‍വേ വകുപ്പിലെ കരാര്‍ ജീവനക്കാരിയാണ് യുവതി. വീട്ടില്‍ നിന്ന് മണിപ്പാലിലേക്ക് ജോലിക്ക് പോകുമ്പോള്‍ അയല്‍ക്കാരനായ കാര്‍ത്തിക് പൂജാരി എന്നയാള്‍ ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തിലും വാരിയെല്ലിന്റെ ഇരുവശത്തുമാണ് കുത്തേറ്റത്. പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ഉടന്‍ മണിപ്പാലിലെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമാണെന്നും അപകടനില തരണം ചെയ്തില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രക്ഷിതയും കാര്‍ത്തിക്കും ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാര്‍ത്തിക്കുമായുള്ള ബന്ധം ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. യുവാവ് നിരന്തരം ശല്യപ്പെടുത്തിയതോടെ യുവതി ഫോണ്‍ ബ്ലോക്ക് ചെയ്തു. ഇതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച യുവതിയുടെ ജന്മദിനമായിരുന്നു. ബ്രഹ്‌മാവര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്പി ഹരിറാം ശങ്കര്‍ പറഞ്ഞു. പ്രതിയെ പിടികൂടാനായി കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
