കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ വീടു കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. മഞ്ചേശ്വരം, കുണ്ടുകൊളക്ക, സഫ്രീന മന്‍സിലില്‍ മുഹമ്മദ് ഷിഹാബ് എന്ന ഷിഹാബ് (32) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം എ എസ് പി നന്ദഗോപന്‍, വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
ആഗസ്റ്റ് ആറിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ചെങ്കള നാലാംമൈലിലെ റിസ്‌വാന മന്‍സിലിലെ കെ എ സത്താറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാത്രി 8നും 9.15നും ഇടയില്‍ വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ കുത്തി പൊളിച്ചാണ് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്. കേസില്‍ ഷിഹാബിനെ കൂടാതെ ഒരാളെ കൂടി കിട്ടാനുണ്ട്.
ഷിഹാബിനെതിരെ കര്‍ണ്ണാടകയില്‍ അഞ്ചും ബേക്കല്‍, കുമ്പള, ചന്തേര എന്നിവിടങ്ങളിലും കവര്‍ച്ചാ കേസുണ്ട്.
ആഗസ്റ്റ് 25ന് രാത്രി പുല്ലൂരിലെ പ്രവാസിയായ പത്മനാഭന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ സംഭവത്തിലും ഷിഹാബ് പ്രതിയാണെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രസ്തുത കേസില്‍ കര്‍ണ്ണാടക, ദേര്‍ളക്കട്ടയിലെ അബ്ദുല്‍ മുദസിറി(28)നെയും എ എസ് പി നന്ദഗോപന്റെ നേതൃത്വത്തില്‍ അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
സംഭവ ദിവസം പത്മനാഭന്‍ അമ്മയ്‌ക്കൊപ്പം നീലേശ്വരത്തെ ആശുപത്രിയിലായിരുന്നു. ഭാര്യ സൗദാമിനി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി എട്ടുമണിയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്. വീടിന്റെ രണ്ടാം നിലയില്‍ ആയിരുന്ന സൗദാമിനി ശബ്ദം കേട്ട് ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. അദ്ദേഹം നാട്ടിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ കവര്‍ച്ചാസംഘം മണ്‍തിട്ടയില്‍ നിന്നു താഴേയ്ക്ക് ചാടി ദേശീയപാതവഴി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ചാട്ടത്തിനിടയില്‍ മുദസിറിന്റെ കാല്‍ ഓടിഞ്ഞു. ഇതിനു ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിരുന്നുവെന്ന വിവരമാണ് പ്രതികളെ കണ്ടെത്തുന്നതിന് നിര്‍ണ്ണായകമായത്.
അന്വേഷണസംഘത്തില്‍ ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പി കെ പ്രസാദ് പുല്ലൂര്‍, സി പി ഒ മുഹമ്മദ് ആരിഫ് ആരിക്കാടി, കാസര്‍കോട് സ്‌റ്റേഷനിലെ എസ് സി പി ഒ പി പി ഷൈജു, വിദ്യാനഗര്‍ സ്റ്റേഷനിലെ സി പി ഒ ബി ഉണ്ണികൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.
