തളിപ്പറമ്പ്: വിവാഹിതയായ യുവതിയുടെ അവിഹിതബന്ധം രഹസ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നടുവില്‍, പള്ളിത്തട്ട് രാജീവ്ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ഹൗസില്‍ ശമല്‍ എന്ന കുഞ്ഞാപ്പി (21), നടുവില്‍ ടെക്നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടീന്റകത്ത് ഹൗസില്‍ സി. ലത്തീഫ് (46) എന്നിവരെയാണ് കുടിയാന്‍മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എന്‍ ബിജോയ് അറസ്റ്റ് ചെയ്തത്. ശമല്‍ ഇലക്ട്രീഷ്യനും ലത്തീഫ് ഇറച്ചിവെട്ടുകാരനുമാണ്. കേസിലെ ഒന്നാംപ്രതി ശ്യാം ഒരു അടിപിടിക്കേസില്‍ പ്രതിയായി നിലവില്‍ കണ്ണൂര്‍ സബ്ജയിലില്‍ റിമാന്റിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ആലക്കോട് സ്വദേശിയായ ഒരാളുമായി പരാതിക്കാരിയായ യുവതിക്ക് ബന്ധമുണ്ടായിരുന്നു ഇയാള്‍ ഒരുദിവസം യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ ശ്യാമും ശമലും ചേര്‍ന്ന് അവരുടെ കിടപ്പറരംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യം ഉപയോഗിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തു. ആദ്യം കുറച്ച് പണം കൈക്കലാക്കി.പിന്നീട് വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തു കയും ദൃശ്യം ഇവരുടെ സുഹൃത്തായ ലത്തീഫിന് അയച്ചുകൊടുത്തു. ലത്തീഫ് ഈ ദൃശ്യം കാണിച്ച് തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. പണത്തിനുവേണ്ടി ഭീഷണിയും മുഴക്കി. ഇതോടെയാണ് യുവതി കുടിയാന്‍മല പൊലീസില്‍ പരാതി നല്‍കിയത്.
ശമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ വച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്ന് മണിക്ക് തളിപ്പറമ്പില്‍ വച്ചുമാണ് പിടികൂടിയത്. നടുവിലില്‍ പുതിയ സ്ഥാപനം തുടങ്ങാന്‍ സുഹൃത്തിനൊപ്പം തൃശൂരില്‍ പോയി പിക്കപ്പ് വാനില്‍ സാധനങ്ങളുമായി മടങ്ങുകയായിരുന്നു ലത്തീഫ്. ഈ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുടിയാന്‍മല എ.എസ്.ഐമാരായ സി.എച്ച് സിദിഖ്, സുജിത്ത്, പവിത്രന്‍, മുസ്തഫ എന്നിവര്‍ തളിപ്പറമ്പ് ,മന്ന റോഡില്‍ കാത്തിരുന്നു. പിക്കപ്പ് വാന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് വണ്ടി കുറുകെയിട്ട് ലത്തീഫിനെ പിടികൂടുകയായിരുന്നു. സി.പി.ഒമാരായ ബിജു കരിപ്പാല്‍, പി.പി പ്രമോദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
