ബംഗളൂരു: പ്രശസ്ത കന്നട സംവിധായകന്‍ എസ്. നാരായണനെതിരെ സ്ത്രീധന പീഡനത്തിന് കേസ്. മരുമകള്‍ പവിത്രയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവ് പവനും മാതാപിതാക്കളും ചേര്‍ന്ന് വീട്ടില്‍നിന്ന് അടിച്ചിറക്കിയതായി പവിത്ര ആരോപിച്ചു. ആവശ്യപ്പെട്ട പണം നല്‍കാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. ബംഗളൂരു ജ്ഞാനഭാരതി പൊലീസിലാണ് പവിത്ര പരാതി നല്‍കിയത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ എന്ന പേരില്‍ വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നും പരാതിയിലുണ്ട്.
ബുധനാഴ്ച വൈകീട്ടാണ് പൊലീസ് കേസെടുത്തത്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
നേരത്തെ നാരായണിന്റെ 3.5 ലക്ഷം രൂപയും ചെക്ക് ബുക്കുകളുള്‍പ്പെടെയുള്ള രേഖകളും കാറില്‍ നിന്നും കവര്‍ച്ചചെയ്തിരുന്നു. സ്യൂട്ട്‌കേസോടെ തട്ടിയെടുക്കുകയായിരുന്നു. നാരായണ്‍ ബാങ്കിലേക്ക് പോയപ്പോള്‍ ഡ്രൈവര്‍ അടുത്തുള്ള കടയില്‍ പോയിരുന്നു. ഈ അവസരത്തിലായിരുന്നു കവര്‍ച്ച നടന്നത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവും, സംവിധായകനും, നടനും, ഗാനരചയിതാവുമാണ് എസ്. നാരായണ്‍. ചൈത്രദ പ്രേമാഞ്ജലി (1992) എന്ന റൊമാന്റിക് ഡ്രാമയിലൂടെയാണ് നാരായണ്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു.
