ബംഗളൂരു: കർണാടക കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലിനെ അറസ്റ്റ് ചെയ്ത് ഇഡി. ഇരുമ്പയിര് കയറ്റുമതി കേസിലാണ് സതീഷ് കൃഷ്ണ സെയ്ലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 13ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഇഡി ഒന്നരക്കോടിയോളം രൂപയും 7 കിലോയോളം സ്വർണവും പിടിച്ചെടുത്തിരുന്നു. ഇരുമ്പയിര് കയ്യറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇഡി പരിശോധന. ഓഗസ്റ്റ് 13, 14 ദിവസങ്ങളിൽ ആയിട്ടായിരുന്നു പരിശോധനകൾ നടന്നത്. ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് പരിചിതനായ എംഎൽഎയാണ് സതീഷ് കെ സെയിൽ. നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തി. വിധിക്കെതിരെ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് എംഎൽഎയുടെ ശിക്ഷാവിധി താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിച്ച് പിഴത്തുകയുടെ 25 ശതമാനം കെട്ടിവെക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.2009-10 കാലത്ത് കർണാടകയിൽ നടന്ന അനധികൃത ഖനനവും ഇരുമ്പയിര് കടത്തും സംബന്ധിച്ച് എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സെയ്‌ലിന്‍റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എട്ട് മാസത്തിനുള്ളിൽ 7.23 ലക്ഷം ടൺ ഇരുമ്പയിര് ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സെയിലിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
