ഭോപ്പാല്‍: ചെളിയില്‍ പുതഞ്ഞു കിടന്ന മനുഷ്യ ശരീരം മോര്‍ച്ചറിയിലേയ്ക്കു മാറ്റാന്‍ പൊലീസും നാട്ടുകാരും ശ്രമിക്കുന്നതിനിടയില്‍ ജഡം എണീറ്റു നിന്നു തനിക്കു ജീവനുണ്ടെന്നും താന്‍ മരിച്ചിട്ടില്ലെന്നും ദയനീയമായി വിലപിച്ചു. ആ വിലാപം കള്ളമാണെന്നും അതു മരിച്ചയാളുടെ പ്രേതമാണെന്നും കാണികളില്‍ ചിലര്‍ വിളിച്ചു പറഞ്ഞു.
മദ്യപിച്ചു ലക്കുകെട്ട താന്‍ വഴിതെറ്റി ചെളിയിലൂടെ നടക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നും അവിടെ വീണ കാര്യം താന്‍ പോലും അറിഞ്ഞില്ലെന്നും അയാള്‍ തുടര്‍ന്നു പറഞ്ഞു. എത്ര സമയമായി ചെളിയില്‍ കിടക്കുന്നുവെന്നും ഓര്‍മ്മയില്ലെന്ന് അയാള്‍ മനസ്സു തുറന്നു പറഞ്ഞു. എന്നാല്‍ ആറു മണിക്കൂറിലധികം എങ്ങനെ ചെളിയില്‍ ജീവനോടെ കിടക്കാന്‍ കഴിയുമെന്നതു കാണികള്‍ സംശയിച്ചു.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് അത്ഭുതകരമായ സംഭവം അരങ്ങേറിയത്. ആറുമണിക്കൂറിലധികം ചെളി നിറഞ്ഞ റോഡില്‍ അനങ്ങാതെ കിടന്ന ആള്‍ മരിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കാണു വിശ്വസിക്കാനാവുക എന്നു നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്നു മൃതദേഹം പൊക്കാന്‍ ശ്രമിച്ചപ്പോള്‍ ചാടി എഴുന്നേറ്റ അയാള്‍ ‘സാഹേബ്, മൈം സിന്ദാഹും’- സര്‍ ഞാന്‍ മരിച്ചിട്ടില്ല എന്നു പറയുകയായിരുന്നു. ആള്‍ക്കൂട്ടത്തെപ്പോലെ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഹുക്കും സിംഗും അയാള്‍ മരിച്ചുവെന്നു തന്നെ വിശ്വസിക്കുകയായിരുന്നു.
ഇതു വിചിത്രമെന്നു തോന്നാമെങ്കിലും ഇത്തരം സംഭവങ്ങള്‍ അപൂര്‍മല്ലെന്നു പറയുന്നു. മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഈ വര്‍ഷം ആദ്യം ‘മൃതദേഹ’വുമായി പോവുകയായിരുന്ന ആംബുലന്‍സ് ഒരു കുഴിയില്‍ മറിഞ്ഞപ്പോള്‍ മൃതദേഹത്തിന് ജീവന്‍ വച്ചിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ജഡമെന്നു വിധിച്ചയാളാണ് ജീവിതത്തിലേക്കു മടങ്ങി വന്നത്. ഡെല്‍ഹിയില്‍ കാണാതായ ഒരാള്‍ മരിച്ചുവെന്നു പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷം അയാളെ ജീവനോടെ പൊലീസ് തന്നെ കണ്ടെത്തുകയും ചെയ്തു. ഇതൊക്കെ പൊലീസിന്റെ ഓരോരോ പ്രതിഭാസങ്ങളാണെന്നു നാട്ടുകാര്‍ പറയുന്നു. പൊലീസ് അങ്ങനെയൊക്കെ ആവുന്ന നാട്ടില്‍ മനുഷ്യര്‍ക്കെന്തേ, അത്തരത്തില്‍ ചിന്തിച്ചുകൂടേ എന്നു പറയുന്നവരും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു.
