മംഗളൂരു: കുളൂരില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. എ.ജെ. ആശുപത്രിയിലെ ജീവനക്കാരി മാധവി(40) ആണ് മരിച്ചത്. മാധവി ഓടിച്ച സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞപ്പോള്‍ പിന്നാലെ വന്ന മീന്‍ലോറിയുടെ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങിയാണ് മരണം. കുളൂരില്‍ നിന്ന് ജോലിക്കായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടം. വിവരമറിഞ്ഞ് മംഗളൂരു നോര്‍ത്ത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി മൃതദേഹം എ.ജെ ആശുപത്രിയിലേക്ക് മാറ്റി. നോര്‍ത്ത് ട്രാഫിക് പൊലീസ് കേസെടുത്തു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം തടസപ്പെടുത്തി. മുല്‍ക്കി മുതല്‍ പമ്പ്വെല്‍ വരെയുള്ള ദേശീയപാതയില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
